മാസ്‌ക് ധരിക്കുന്നത് സാമൂഹ്യമായ ഉത്കണ്ഠയും വിഷാദരോഗവും ഉണ്ടാക്കുമെന്ന് പഠനങ്ങള്‍
കോവിഡ് കാലം ലോകമെമ്പാടുമുള്ള ആളുകള്‍ ശരീരികവും മാനസികവും സാമ്പത്തികവുമായ ക്ലേശം അനുഭവിക്കുന്ന കാലഘട്ടമാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയില്‍ നിന്നാണ് കൂടുതല്‍ പേരും മാനസിക സമ്മര്‍ദ്ദമെന്ന അവസ്ഥയിലേക്ക് എത്തിയത്. സമൂഹത്തില്‍ ഇറങ്ങി ഇടപെടുന്നതിലും പരിധികള്‍ വന്നതോടെ അത് ആളുകളെ കൂടുതല്‍ വിഷാദാവസ്ഥയിലേക്ക് തള്ളിവിട്ടു. ഇതിനെല്ലാം പുറമേ ഇപ്പോള്‍ പുറത്തുവരുന്ന പഠനറിപ്പോര്‍ട്ടനുസരിച്ച് മാസ്‌ക് ധരിക്കുന്നതും നമ്മുടെ മനസ്സിന്റെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് പറയുന്നത്... ഇത് സാമൂഹ്യമായ ഉത്കണ്ഠ എന്ന അവസ്ഥയിലേക്ക് ആളുകളെ നയിക്കുന്നു.
മാസ്‌ക് കൂടുതല്‍ ധരിക്കേണ്ടി വരുന്നത് സാമൂഹ്യമായ ഇടപെടലുകള്‍, മാനസികാരോഗ്യം, സാമൂഹ്യമായ ഉത്കണ്ഠ ഇവയെയെല്ലാം ബാധിക്കുന്നതായി പഠനത്തില്‍ കണ്ടു. സമൂഹം പ്രതീക്ഷിക്കുന്ന തരത്തില്‍ തന്റെ പെരുമാറ്റവും കാഴ്ചയും ശരിയായില്ലേ എന്ന ഒരാളുടെ തോന്നലാണ് സാമൂഹ്യ ഉത്കണ്ഠ. ജനസംഖ്യയില്‍ 13 ശതമാനത്തോളം പേരെ ബാധിക്കുന്ന ഒന്നാണിത് എന്ന് പഠനം പറയുന്നു. സ്വയം മറച്ചുവയ്ക്കാനുള്ള ഒരു പ്രവണതയും ഇതിലേക്കു നയിക്കും.
ഇത്, മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകതയില്ലാത്ത സ്ഥലങ്ങളില്‍ പോലും മാസ്‌ക്ക് ധരിക്കാന്‍ അവരെ പ്രേരിപ്പിക്കും. ആങ്‌സൈറ്റി, സ്‌ട്രെസ് ആന്‍ഡ് കോപ്പിങ്ങ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വാട്ടര്‍ ലൂ സര്‍വകലാശാലയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൈക്കോളജി ആന്‍ഡ് സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് ട്രീറ്റ്‌മെന്റിലെ ഗവേഷകര്‍ ആണ് ഈ പഠനം നടത്തിയത്.